ആർ എൽ ജീവൻലാൽ

1993 മെയ് മാസം ആറാം തിയതി തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ മാപ്രാണം ദേശത്ത് ജനനം. രാമൻകുളത്ത് ആർ.സി.ലാൽ രാജേശ്വരി ദമ്പതികളുടെ ഇളയ മകനാണ്. ശ്രീലാൽ, ശ്യാംലാൽ എന്നിവരാണ് സഹോദരങ്ങൾ. കാട്ടുങ്ങച്ചിറ ലിസ്യൂക്സ് കോൺവെന്റ്, ഇരിങ്ങാലക്കുട സെന്റ്മേരീസ്, എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർസെക്കന്ററി എന്നിവിടങ്ങളിലായി സ്കൂൾ പഠനം പൂർത്തിയാക്കി. തൃശ്ശൂർ ശ്രീ കേരളവർമ കോളേജിൽ ബി.എ.പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്നു. കേരളവർമ കോളേജിന്റെ ചെയർമാനായിരുന്നു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ഫിലോസഫി വിഭാഗത്തിനായി യു ജി സി അവതരിപ്പിച്ച ദേശീയ സെമിനാറിൽ “സ്വാമി വിവേകാനന്ദൻ- മതം-തത്വചിന്ത-രാഷ്ട്രീയം” എന്ന വിഷയത്തിൽ വിഷയാവതരണത്തിന് അതിഥിയായി നിശ്ചയിക്കപ്പെട്ടു.

പഠനകാലത്ത് ഷഹന എന്ന വിദ്യാർത്ഥിനിയുമായി പ്രണയത്തിലാവുകയും പ്രണയം സമുദായിക തർക്കങ്ങളിലേക്ക് വഴിമാറിയതോടെ തന്റെ 21 ആം വയസ്സിൽ ഷഹനയെ റെജിസ്റ്റർ വിവാഹം ചെയ്തു. വിവാഹാനന്തരം വലിയ നിലയിൽ സൈബർ ആക്രമണത്തിനിരയായിരുന്നു. സംസ്ഥാന സൈബർ വകുപ്പ് വിഷയത്തിൽ ഇടപെട്ട് അത്തരം പേജുകൾ നീക്കം ചെയ്യുകയും ചെയ്തു.

അക്കാലത്ത് എസ് എഫ് ഐ യുടെ ജില്ലയിലെ നേതാക്കളിലൊരാളായിരുന്നു എങ്കിലും വിവാഹത്തോടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് ഇരുപത്തൊന്നാം വയസ്സിൽ പടിയിറങ്ങി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ലൈബ്രറി സയൻസ് വിദ്യാർത്ഥിയായിരുന്നെങ്കിലും വിവാഹത്തോടെ പഠനമവസാനിപ്പിച്ചു.

വളരെ കുട്ടിക്കാലം മുതലെ ബാലസംഘം പോലുള്ള സംഘടനയുടെ ഭാഗമായിരുന്നു. പതിനെട്ടാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായി പ്രവർത്തിച്ച അപൂർവ്വം പേരിലൊരാളാകാൻ സാധിച്ചു. പൊതുപ്രവർത്തനത്തിന്റെയും ബഹുജന സമരങ്ങളുടേയും ഭാഗമായി നിരവധി കേസുകളിൽ പ്രതിയാകേണ്ടി വരികയും ചെയ്തു. സംഘടന പ്രവർത്തനങ്ങളുടെ ഭാഗമായി പലതവണ ജയിൽവാസവുമനുഭവിക്കേണ്ടിയും വന്നു. സംഘപരിവാറിനെതിരെ നിരന്തരം പ്രതിരോധത്തിന്റെ പാതയിലായിരുന്നു.

തൃശ്ശൂർ പട്ടണത്തിൽ വെച്ചുണ്ടായ സംഘപരിവാർ ആക്രമണത്തെ തുടർന്ന് ചികിത്സയിൽ കഴിയേണ്ടി വന്നിരുന്നു. മറ്റൊരു തവണ വീട് വളഞ്ഞ് വെക്കാനും ആക്രമിക്കാനും ആർ എസ് എസ് ശ്രമം നടത്തിയെങ്കിലും, നാട്ടുകാരും അന്നത്തെ പോലീസ് സബ്ബ് ഇൻസ്പെക്ടറായിരുന്ന എം.ജെ.ജിജോയുടെ നേതൃത്വത്തിലെ പോലീസ് സംഘവും സുരക്ഷയൊരുക്കിയതുകൊണ്ട് അപകടം സംഭവിച്ചില്ല. സ്ഥലത്ത് സമാധാന നില വരുന്നതുവരെ പോലീസ് സുരക്ഷ തുടർന്നിരുന്നു.

2018ൽ ഐ പി സി 354 ആം വകുപ്പു പ്രകാരമുള്ള കേസിൽ പ്രതിയാകേണ്ടി വന്നത് വലിയ പ്രതികൂല കാലാവസ്ഥയുണ്ടാക്കി. സംഘപരിവാറും പത്ര-ദൃശ്യ മാധ്യമങ്ങളും പീഡന കേസ് എന്ന നിലയിൽ പോലും വ്യാഖ്യാനിച്ച് വേട്ടയാടി. സംഭവിച്ചത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കാണിച്ചും സ്വയം നുണപരിശോധനക്ക് വിധേയനാകാമെന്ന് കാണിച്ചും ഹൈക്കോടതിയെ സമീപിച്ചു. കേസിനെ പ്രാഥമികമായി നിരീക്ഷിച്ച ഹൈക്കോടതി പോലീസിനോട് അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശിച്ചു.

വിവിധ കലാ മത്സരങ്ങളിൽ സംസ്ഥാന, ജില്ല തലത്തിൽ വിജയിയായിരുന്നു. ഇരുപത്തിയഞ്ചാം വയസ്സിൽ ആദ്യ കൃതി പുറത്തിറങ്ങി. ആത്മകഥാ സ്വഭാവമുള്ളതെന്ന് വ്യാഖ്യാനിക്കപ്പെട്ട “അയാൾ” എന്ന പുസ്തകത്തിൻന്റെ പ്രകാശനത്തിന് ആയിരത്തിലേറെ പേർ ഒത്തുകൂടി. വിവാദ ശേഷവും ജനപിന്തുണ പ്രഖ്യാപിക്കപ്പെട്ട ചടങ്ങായി അത് മാറി. പ്രകാശന ചടങ്ങ് ഏഷ്യാനെറ്റ് വക്രീകരിച്ച് ചിത്രീകരിച്ചത് പ്രതിഷേധത്തിനിടയാക്കി.

ആദ്യ കൃതി പുരസ്കാരത്തിന് അർഹമാവുകയും ചെയ്തു. മലയാളത്തിൽ ആദ്യമായി ട്രാൻസ് ബയോഗ്രഫി നോവലാക്കി ചിത്രീകരിച്ചായിരുന്നു “ജെൽസ” എന്ന രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങിയത്. ദീപ്തികല്യാണി എന്ന ട്രാൻസ് വുമണിന്റെ യദാർത്ഥ ജീവിതം ചിത്രീകരിച്ച “ജെൽസ” ഒന്നരയാഴ്ച്ചക്കാലം കൊണ്ട് രണ്ട് പതിപ്പ് പുറത്തിറങ്ങി പുസ്തകം ശ്രദ്ധേയമായി. ദൃശ്യമാധ്യമങ്ങൾ പുസ്തകത്തെ വലിയ വാർത്തയാക്കി ഏറ്റെടുത്തു. സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമല ദർശനം നടത്തിയ കനകദുർഗ്ഗയുടെ ജീവിതം കനകദുർഗ്ഗയോടൊപ്പം ഇരട്ട എഴുത്തുകാർ എന്ന നിലയിൽ തയ്യാറാക്കുന്നുണ്ട്.

കർണാടക സംസ്ഥാന നിയമ സർവ്വകലാശാലക്ക് കീഴിൽ നിയമ വിദ്യാർത്ഥിയാണ്. പൊതുപ്രവർത്തകൻ, പ്രഭാഷകൻ, നിരൂപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു.ഭാര്യ ഷഹന കണ്ണൂർ സർവ്വകലാശാലയിൽ ഗവേഷകയാണ്.